“ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്”
നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ ആദ്യം മറിഞ്ഞു വീഴുന്നത് വാഴയാണ്. എന്താണതിനു കാരണം? ധാരാളം വെള്ളം ചുവട്ടിൽ തന്നെ ദിനവും കിട്ടിയത് കൊണ്ട് വാഴയ്ക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നില്ല. അതുകൊണ്ടു തന്നെ വെള്ളം തേടി മണ്ണിലേക്ക് അധികം വേര് ആഴ്ത്തിയതുമില്ല. തായ്വേര് ഉണ്ടായില്ല. അതിന്റെ ആവശ്യമേ തോന്നിയില്ലതന്നെ. വേരുകൾക്ക് ബലം കുറവായിരുന്നതു കൊണ്ടാണ് കാറ്റത്ത് അതിനു പിടിച്ച് നിൽക്കാൻ കഴിയാതെ പോയത്.
കാട്ടിലെ മരങ്ങൾ കണ്ടിട്ടില്ലേ? കാട്ടിലോട്ടൊന്നും പോകണ്ട നാട്ടിലെ നല്ല പഴയ മരങ്ങൾ നോക്കിയാൽ മതി ഏതു കാറ്റിലും മഴയിലും പേമാരികളിലും വീഴാതെ നിൽക്കും. എന്താ അതിനു കാരണം?! അതിന് ആരും വെള്ളമൊഴിച്ച് കൊടുക്കാൻ ഇല്ലായിരുന്നു. വളമിട്ട് കൊടുക്കാൻ ഇല്ലായിരുന്നു. കൊടിയ വേനലിൽ കരിഞ്ഞുണങ്ങി പോകുമെന്ന് തോന്നിയപ്പോൾ അത് ജലം തേടി തായ്വേര് മണ്ണിലേക്കാഴ്ത്തി. മറ്റു വേരുകൾ ജലമന്വേഷിച്ച് ചുറ്റുപാടും ദൂരേയ്ക്ക് പടർത്തി. പാറക്കെട്ടുകൾക്കിടയിലൂടെ നൂണ്ടുകയറി. സാവധാനം വളർന്ന് ഒരു വട വൃക്ഷമായി മാറി. കാറ്റ് വന്ന് അതിനെ ആടിയുലച്ചു. എന്നാൽ, അത് കൂസലന്യേ അനേകം കൊടുങ്കാറ്റുകളെ അതിജീവിച്ചു. കാരണം പ്രതിസന്ധികളെ അഭിമുഖീകരിച്ച് വളർന്നതിനാൽ അതിന് ഉറച്ച കാതൽ രൂപപ്പെട്ടിരുന്നു. ഇത്തരം വൃക്ഷങ്ങളുടെ വേരുകൾ ദൃഢമായി ആഴത്തിലും ചുറ്റിലും മണ്ണിലും പാറക്കെട്ടുകളിലും അള്ളിപ്പിടിച്ചിരിക്കുന്നതുകൊണ്ടാണ് വീണുപോകാത്തത്.
നമ്മുടെ പുതു തലമുറ ഈ ചുവട്ടിൽ വെള്ളമൊഴിച്ചു വളർന്ന വാഴപോലെ ആണ് എന്ന് പലപ്പോഴും തോന്നിപോകുന്നു!, ചെറിയ ഒരു പ്രതിസന്ധിയോ നാണക്കേടോ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സ്കൂൾ വിദ്യാർഥികൾ മാത്രമല്ല കോളേജ് വിദ്യാർഥികൾ പോലും ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടുന്ന എത്രയോ സമകാലിക സംഭവങ്ങൾക്ക് നമ്മൾ ഇതിനോടകം സാക്ഷ്യം വഹിച്ചു. പ്രണയം തകർന്നതിന്, പരീക്ഷയിൽ പരാജയപ്പെട്ടതിന്, ഫുൾ എ പ്ലസ് കിട്ടാത്തതിന്, അമ്മ വഴക്കു പറഞ്ഞതിന്, അപ്പൻ മൊബൈൽ ഫോൺ വാങ്ങിച്ചു വച്ചതിന്, പരീക്ഷയിൽ കോപ്പിയടി പിടിച്ചതിന് …കഴിഞ്ഞ തലമുറ നിസ്സാരമായി അഭിമുഖീകരിച്ചിരുന്ന ഇത്തരം കാര്യങ്ങൾക്ക് മുന്നിൽ പെട്ടന്ന് വാടിത്തളർന്നു പോകുകയാണ് നമ്മുടെ പുതുതലമുറ.
നമ്മുടെ കുട്ടികളെ ജയിക്കാൻ മാത്രമല്ല തോൽക്കാനും പഠിപ്പിക്കണം, നമ്മൾ പലപ്പോഴും ജീവിതത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ മാരാണ് ” വസൂ ദേ നിൻ്റെ മോൻ തോറ്റു തുന്നംപാടി വന്നിരിക്കുന്നു!” തോറ്റവന്റെ വേദന അത് തോറ്റു നോക്കിയവനേ അറിയൂ ഒന്ന് തൊട്ടു നോക്ക് അല്ലെങ്കിൽ ഒന്ന് തൊട്ടു കൊടുക്ക്, തോൽക്കാൻ ആളുള്ളതുകൊണ്ടാണ് ജയിക്കുന്നവർ ഉണ്ടാകുന്നത് എന്ന സത്യം എത്രപേർക്കറിയാം. നമ്മൾ തോറ്റുകൊടുത്തതുകൊണ്ടാണ് മറ്റുപലരും ജയിച്ചു ഒന്നാമതായത്.
പ്രതിസന്ധികളിൽ പെട്ടന്ന് വാടിത്തളരാതെ, മാന നഷ്ടം, ധന നഷ്ടം, രോഗങ്ങൾ, അപകടങ്ങൾ, തെറ്റിദ്ധാരണകൾ ഇങ്ങനെയുള്ള ജീവിതത്തിന്റെ ഏത് പരുപരുത്ത യാഥാർഥ്യങ്ങളെയും ആത്മ വിശ്വാസത്തോടെ നേരിടുവാനും കൊടുങ്കാറ്റുകളെ മറികടക്കുവാനും അവരെ പരിശീലിപ്പിക്കാം. അതിന് അവർക്ക് സാധിക്കാതെ വരുന്നെങ്കിൽ ജീവിതത്തിന്റെ മൃദു ഭാവങ്ങൾ മാത്രം പരിചയപ്പെടുത്തി അവരെ വളർത്തിക്കൊണ്ടു വരുന്ന മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവുമൊക്കെ ഉത്തരവാദികളാണ്.
One thought on “ചുവട്ടിൽ വെള്ളമൊഴിച്ചു വളരുന്ന ജീവിതങ്ങൾ”