പാളിച്ചകളിൽ നിന്നും പഠിക്കുമ്പോഴാണ് അത് അനുഭവ സമ്പത്താകുന്നത്. ഇല്ലെങ്കിൽ നമ്മുടെ പാളിച്ചകൾ മറ്റുള്ളവർക്ക് അനുഭവമാകും.
എന്താ മാഷെ രണ്ടുപേരെയും എഞ്ചിനീയർ ആക്കിയത് ആക്കിയത് എന്ന് ചോദിക്കുന്നവരോട്…..
ഒരു ഫാൻ കഥ
ഈ കഥ നടക്കുമ്പോൾ ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്നു ഒരു ദിവസം നേരം പരപരാ ഇരുട്ടിവരുന്നു വീട്ടിൽ ഒരു ഫാൻ കേടായിട്ടുണ്ടായിരുന്നു, എൻ്റെ വീട്ടിലെ ഇലെക്ട്രിഷ്യൻ പണിയെല്ലാം അന്ന് എടുത്തിരുന്നത് മാഷ് ആയിരുന്നു! അതെ എന്റെ സ്വന്തം പപ്പ തന്നെ, അത് ഇലെക്ട്രിക്കൽ വർക്കിനോടുള്ള സ്നേഹം കൊണ്ടല്ല വീട്ടിലുള്ള ഒരുവിധം എല്ലാ ഇലെക്ട്രിക്കൽ പ്ലംബിംഗ് പണിയെല്ലാം പപ്പാ തന്നെ ചെയ്യും ഞാനും ചേട്ടനും ആണ് ഹെൽപ്പർമാർ. ചീത്ത കേട്ട് ചെവിപൊട്ടും എന്നാലും ഞാൻ പണി കാണാനുള്ള ഇഷ്ടം കാരണം എന്തിനും കൂടെ കൂടും. പിന്നെ പപ്പയെ മയക്കാനുള്ള ചില കുരുട്ടു വിദ്യകൾ എൻ്റെ കയ്യിൽ ഉണ്ട്.
അപ്പോൾ കഥയിലേക്ക് വരാം ഫാൻ നന്നാക്കി അതിന്റെ ലീഫ് എല്ലാം പെയിന്റ് അടിച്ചു കുട്ടപ്പനാക്കി ഫിറ്റ് ചെയ്യാൻ പോവുകയാണ് മേശ വലിച്ചിട്ടു അതിനുമീതെ കസേര ഇട്ടു പപ്പ കയറി നിന്നു ഞാനും ചേട്ടനും കൂടി ഫാൻ എടുത്തു പൊക്കി കൊടുത്തു പപ്പാ അത് മുകളിൽ ഹുക്കിന്മേൽ വെച്ചു വയർ കണക്ട് ചെയ്തു കസേരയിൽ നിന്നും ഇറങ്ങി പോയി. ചേട്ടൻ പറഞ്ഞു സൊ സിമ്പിൾ ഇത്രയേ ഉള്ളു ഞാനും വിചാരിച്ചു ഇതിനാണോ ഇത്ര വലിയ ആർഭാടം ഇന്നാ പിന്നെ ഫാൻ കറങ്ങുന്നുണ്ടോ എന്ന് നോക്കാം സ്വിച്ച് ഓണാക്കി നോക്കി കൊള്ളാമല്ലോ ഫാൻ ഫുൾ സ്പീഡിൽ കറങ്ങാൻ തുടങ്ങി പക്ഷെ കാറ്റു മാത്രം വന്നില്ല.
പപ്പയുടെ ഒരു അലർച്ച കേട്ട് പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടൻ പുറത്തേക്കു ഓടിപോകുന്നത് കണ്ടു ഞാൻ നോക്കുമ്പോൾ എന്റെ ചിറകൊടിഞ്ഞ കിനാവുകൾ പോലെ ഫാൻ അതാ നിലത്തു കിടക്കുന്നു.
ഹുക്കിൽ ലോക്ക് ചെയ്യാനുള്ള പിൻ എടുക്കാൻ മറന്നതുകൊണ്ടു അതെടുക്കാൻ പോയ പപ്പാ തിരിച്ചുവരുമ്പോൾ ചിറകൊടിഞ്ഞ ഫാനും ഞാനും മാത്രം. ആ അലർച്ച ഫാൻ എന്റെ തലയിൽ വീഴാതിരിക്കാൻ പപ്പ വിളിച്ചുപറഞ്ഞതാണ്. കിട്ടാനുള്ളതെല്ലാം വാങ്ങി, ഫാൻ അടിച്ചു നേരെയാക്കി തിരിച്ചു കണക്ട് ചയ്തു പിൻ ഇട്ടപ്പോഴും ആദ്യം ഓടി രക്ഷപെട്ട ചേട്ടായി തിരിച്ചു വന്നിരുന്നില്ല. സ്ഥിരം ഒളിസങ്കേതങ്ങളിൽ അന്വേഷിച്ചു കാണാതായപ്പോൾ പേടിച്ചെങ്കിലും പറമ്പിൽ നിന്നും കണ്ടെത്തി കൊണ്ടുവന്നു. അന്ന് മനസ്സിലാക്കി പലതും നമ്മൾ കാണുന്നതുപോലെ സിംപിൾ അല്ല സിമ്പിൾ ആണെന്ന് വിചാരിക്കുന്ന പലതും പൗർഫുൾ ആണ്. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഒരു പിൻ ഇടാൻ മറന്നുപോയോ എന്ന് തോന്നാറുണ്ട്. നമ്മുടെ ജീവിതത്തിൽ വീഴ്ചകൾ പറ്റുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും നമ്മൾ വല്ല ചെറിയ പിന്നും ഇടാൻ മറന്നുപോയോ എന്ന്.
അന്നിട്ട പിന്നുമായി ഇന്നും ആ ഫാൻ വീട്ടിൽ കറങ്ങുന്നുണ്ട് അതിന്റെ കാറ്റടിക്കുമ്പോൾ വീട്ടിലെ തീ എല്ലാം കെട്ടുപോകും! എന്താ അത്ഭുതം എന്ന് ആരും കരുതണ്ട, ആ ഫാൻ ഇപ്പോൾ അടുക്കളയിൽ ആണ് ഇട്ടിരിക്കുന്നത് അല്ലാതെ വലിയ പ്രതേകത ഒന്നും ഇല്ല.
പക്ഷെ അന്ന് ഫാൻ കറങ്ങിയപ്പോൾ കാറ്റു വരാതിരുന്നത് ഫാൻ നന്നാക്കിയവൻ വൈൻഡ് ചെയ്തത് ഓപ്പോസിറ്റ് സൈഡിൽ ആയതുകൊണ്ട് ഫാൻ തിരിച്ചു കറങ്ങിയതായിരുന്നു എന്ന് മനസ്സിലായത്, ഒരുപാട് കാലം കഴിഞ്ഞാണ്.
ഒരു റേഡിയോളജി കഥ
ഇതൊരു റേഡിയോളോജിസ്റ്റിന്റെ കഥ അല്ല പിന്നെയോ ഇതൊരു ഫിലിപ്സ് റേഡിയോളജി കഥ ആണ്.
ഒരു ദിവസം ഞാനും ചേട്ടനും വീട്ടിൽ ഒറ്റക്കാണ് പപ്പയും മമ്മിയും എവിടെയോ പോയിരിക്കുകയാണ്.. ഉച്ചക്ക് ചോറ് വയറു നിറയെ കഴിച്ചിട്ട് എല്ലിന്റെ ഇടയിൽ കുത്തിയപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ ഉള്ളിലെ മാർക്കോണി ഉണർന്നു ഒരു ഐഡിയ തോന്നി വീട്ടിൽ ഇരിക്കുന്ന ഫിലിപ്സ് റേഡിയോ എങ്ങനെയാണു ചാനൽ കണ്ടുപിടിക്കുന്നത് ആരാണ് ഈ റേഡിയോക്കുള്ളിൽ ഒളിച്ചിരുന്ന് നമ്മളുടെ ഇഷ്ടത്തിനനുസരിച്ച പാട്ടുകളും വാർത്തകളും വായിക്കുന്നത്!?
അത്ഭുത പരതന്ത്രർ ആയ ഞങ്ങൾ രണ്ടുപേരും ഉറപ്പിച്ചു ഇതുതന്നെ പറ്റിയസമയം അഴിച്ചുനോക്കാം. ഞാൻ ചോദിച്ചു ചേട്ടനോട് അതുവേണോ കുഴപ്പം ആകുമോ!? ചേട്ടൻ പറഞ്ഞു എന്ത് കുഴപ്പം നമ്മൾ ചുമ്മാ നാല് സ്ക്രൂ അഴിക്കുന്നു അകതെന്താണ് എന്ന് നോക്കുന്നു മനസിലാക്കുന്നു അടക്കുന്നു സിംപിൾ. കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
മിന്നിച്ചേക്കണേ എന്ന് മനസ്സിൽ ധ്യാനിച്ച് സ്ക്രൂ ഡ്രൈവർ എടുത്തു പണിതുടങ്ങി.ചുറ്റിലും ഉള്ള സ്ക്രൂസ് എല്ലാം അഴിച്ചു തുറക്കുന്നില്ല പിന്നെ നോക്കിയപ്പോൾ നടുക്ക് രണ്ടു സ്ക്രൂ വെറുതെ ഇരിക്കുന്നു അറ്റാക്ക് അതും കൂടി അഴിച്ചു, റേഡിയോക്കകത്തുനിന്നും ഞങ്ങളെ കാണാൻ ആരോ വെമ്പി നിൽക്കുന്നതുപോലെ തള്ളി തള്ളി വരുന്നുണ്ടായിരുന്നു അതിന്റെ കവർ.ഒരു ചെറിയ ഒച്ചയോടു കൂടി റേഡിയോ കവർ തുറന്നു അടച്ചുവച്ച പാത്രത്തിൽ നിന്നും തവള ചാടുന്നതുപോലെ എന്തോ ഒന്ന് പുറത്തേക്ക് ചാടിപ്പോയി എന്ന് രണ്ടുപേർക്കും മനസ്സിലായി. തപ്പി നോക്കി കണ്ടുപിടിച്ചു ആ സത്യം ഞങ്ങൾ മനസ്സിലാക്കി ഈ റേഡിയോ ചില്ലറക്കാരനല്ല തന്നെക്കാൾ വലിയ ഒരു കോയിൽ സ്പ്രിങ് ചുറ്റി ചുറ്റി മടക്കി ഉള്ളിൽ വച്ചിരിക്കുകയായിരുന്നു അവനാണ് പുറത്തു ചാടിയത് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും സ്പ്രിങ് കോയിൽ അകത്തു പോയില്ല. വീണ്ടും ഐഡിയ വന്നു പുറത്തു കയ്യാലയിൽ പോയി നല്ല ഒരു ചാക്കുചരടു എടുത്തു കൊണ്ടുവന്നു ഒരുവിധത്തിൽ പുറത്തുവന്നവരെ ഒക്കെ ചവിട്ടി അകത്താക്കി നല്ലപോലെ കെട്ടിവച്ചു. വീട്ടിൽ വാർത്തയും പാട്ടും വയ്ക്കുന്നത് പതിവില്ലാത്ത കൊണ്ട് കുറച്ചുകാലം റേഡിയോ നല്ല കുട്ടപ്പനായി ഇരുന്നു.
ഒരുനാൾ ആ ദിനം വന്നു പുറത്തു കളിച്ചുകൊണ്ടിരുന്ന ഞങ്ങൾ രണ്ടുപേരുടെയും പേരുകൾ ഉച്ചത്തിൽ വീട്ടിൽ നിന്നും ഭൂമി കുലുങ്ങുന്ന പോലെ കേൾക്കുന്നുണ്ട് ഒന്നും നോക്കിയില്ല വീട്ടിൽ കേറിച്ചെന്നു നോക്കുമ്പോൾ വാർത്ത പൊട്ടിത്തെറിച്ചു കയ്യിൽ പിടിച്ചിരിക്കുന്ന പപ്പയെയും, രണ്ടുപേരെയും എങ്ങനെ രക്ഷിക്കാം എന്ന് നോക്കിനിൽക്കുന്ന മമ്മിയെയും കാണാം. രണ്ടു മാർക്കോണികർക്കും പദ്മശ്രീ നൽകി ആദരിച്ചു. ഇന്നും ആ റേഡിയോ ചാക്കുനൂൽ കെട്ടി തട്ടിൻപുറത്തു ഒരു സ്മാരകം പോലെ ഇരിക്കുന്നുണ്ട്.
ഇന്നും മറ്റത്തിൽ ഡിസ്പെൻസറി റോഡിലൂടെ പോകുമ്പോൾ റേഡിയോളോജിസ്റ് എന്ന ബോർഡ് വത്സൻ ഡോക്ടറുടെ വീടിനുമുൻപിൽ കാണുമ്പോൾ ഈ രണ്ടു പഴയ റേഡിയോളോജിസ്റ്റുകളുടെ കഥയും. പണ്ടാരോ വത്സൻ ഡോക്ടറുടെ അടുത്ത് റേഡിയോ നന്നാക്കാൻ കൊണ്ടുവന്ന കഥയും ഓർമ്മവരും.
റാഡോ വാച്ചും കണ്ടുപിടുത്തങ്ങളും
റാഡോ വാച്ച് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു സ്റ്റാറ്റസ് ഉണ്ട് അപ്പൊ പിന്നെ ഒരെണ്ണം സ്വന്തമായി ഉണ്ടെങ്കിലോ? ഇന്നാ അങ്ങനെയൊന്നു ഉണ്ടായിരുന്നു പപ്പയുടെ കയ്യിൽ!
കഥ നടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിൽ പപ്പയുടെ ഉറ്റ സുഹൃത്ത് ഗൾഫിൽ പോയി വന്നപ്പോൾ സമ്മാനം കൊടുത്തതാണ് ഈ കഥയിലെ നായകൻ ആയ റാഡോ, നമ്മൾക്കും ഉണ്ട് കുറെ കൂട്ടുകാർ നാരങ്ങാ മിട്ടായി വരെ വാങ്ങിത്തരാത്തവർ.
പപ്പ ആ റാഡോ വാച്ചു കെട്ടിനടക്കുന്നതു കുറച്ചുകാലം കഴിഞ്ഞപ്പോൾ നിർത്തി അപ്പോൾ മനസ്സിലായി അത് കേടായിടട്ടുണ്ടാകും എന്ന്. അപ്പൊ പിന്നെ വിചാരിച്ചു അതിൻ്റെ എഞ്ചിനീയറിംഗ് ഒന്ന് പഠിക്കാം എന്ന്. അങ്ങന ആരും വീട്ടിൽ ഇല്ലാത്ത നേരം നോക്കി ഞങ്ങൾ രണ്ടു മക്രോണികളും, അപ്പോൾ നിങ്ങൾ വിചാരിക്കും ആരാ രണ്ടുപേർ എന്ന് ചിന്തിക്കേണ്ട ഞങ്ങൾ തന്നെ ചേട്ടനും അനിയനും ബാക്കി എല്ലാ കാര്യങ്ങൾക്കും ഞങ്ങൾക്ക് പത്തു അഭിപ്രായമാണെങ്കിലും ഇമ്മാതിരി കുല്സിത പ്രവർത്തനങ്ങൾക്ക് നുമ്മ ഒറ്റ കെട്ടാണ്. റാഡോ വാച്ച് എടുത്തു കൊണ്ടുവന്നു കയ്യിൽ കിട്ടിയ എല്ലാ ആയുധങ്ങളും വച്ച് ഓപ്പൺ ചെയ്യാൻ ശ്രമിച്ചു നടന്നില്ലാ എന്താ കാരണം സാധനം റാഡോ ആണേ സ്റ്റാറ്റസ് മാത്രമല്ല ക്വാളിറ്റിയും ഉണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടുപേരുടെയും ക്ഷമ നശിച്ചു എന്നാലും ഇതിന്റെ എഞ്ചിനീയറിംഗ് അറിയാതെ ഒരു സമാധാനവും ഇല്ലാ എന്തായാലും ഇത്രത്തോളമായി ഇന്ന പിന്നെ തുറന്നിട്ടു തന്നെ കാര്യം ഒരു ചുറ്റിക എടുത്തുവന്നു നല്ല രണ്ടു അടിയങ്ങു കൊടുത്തു അപ്പോൾ അതാ റാഡോ വാച്ച് തുറന്നു വരുന്നു.
റാഡോ വാച്ചിൻറെ എഞ്ചിനീയറിംഗ് വിസ്മയം കണ്ടു ഞങ്ങൾ ഞെട്ടിപ്പോയി! നിങ്ങൾക്കറിയുമോ ഈ വാച്ചിനു ബാറ്ററി ഇല്ല വൈൻഡ് ചെയ്യുന്ന സംഭവവും ഇല്ല നമ്മൾ വാച്ച് കെട്ടി നടക്കുമ്പോൾ നമ്മുടെ കൈ മൂവ് ചെയ്യും അപ്പോൾ വാച്ചിനകത്തു ഒരു ഓട്ടോ വൈൻഡിങ് ഡിസ്ക് ഉണ്ട് അത് കറങ്ങും അപ്പോൾ വാച്ച് തന്നെത്താൻ വൈൻഡ് ആകും. എന്താ കഥ നമ്മൾ ആദ്യായിട്ടാ ഇത് കാണുന്നത് അവസാനമായിട്ടും എന്ന് വേണമെങ്കിൽ പറയാം. പക്ഷെ ഇത്തവണ ഒരു ട്വിസ്റ്റ് ഉണ്ട് വാച്ച് തല്ലി പൊട്ടിച്ചത് പപ്പ അറിഞ്ഞത് കുറെ കാലം കഴിഞ്ഞാണ്, എന്തോ ചെറിയ ടൈം മിസ്സിംഗ് വന്നപ്പോൾ വാച്ച് സർവീസ് ചെയ്യാൻ റാഡോ സർവീസ് സെൻറർ ഇല്ലാത്തതു കൊണ്ട് കെട്ടാതെ വച്ചിരുന്ന വാച്ച് ആണ് നമ്മൾ രണ്ടും കൂടി അടിച്ചു പരത്തി വച്ചിരിക്കുന്നത്. പക്ഷെ ഇത്തവണ ഒരു ചേഞ്ച് ആകട്ടെ എന്ന് കരുതി ഞങ്ങളെ രണ്ടു പേരെയും ഉപദേശിച്ചു വിട്ടു. പക്ഷെ കുറെ കാലത്തേക്ക് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു പപ്പ എന്തിനാ ഞങ്ങളെ വെറുതെ വിട്ടത് എന്ന് പക്ഷെ കുറെയധികം കഷ്ട്ടപെട്ടിട്ടാണെങ്കിലും രണ്ടുപേരെയും എഞ്ചിനീറിങ്ങിനു അയച്ചു പപ്പ അത് തെളിയിച്ചു.
മാതാപിതാക്കൾ നമ്മളുടെ പ്രവർത്തികൾ കണ്ടു നമ്മുടെ ഓരോരുത്തരുടെയും അഭിരുചികൾ കണ്ടെത്തി ആ അഭിരുചികൾക്കനുസരിച്ചു ഭാവി പഠന പ്രവർത്തന മേഖലകളെ കണ്ടെത്തണം. നമ്മളുടെ മക്കൾ ചെയ്യുന്ന കുസൃതികളിലും ചിലപ്പോൾ നമ്മൾക്ക് ഈ കഴിവുകൾ കണ്ടെത്താം. അത് വിചാരിച്ചു കുട്ടികൾ കാണിക്കുന്ന കൊള്ളരുതായ്മകൾ എല്ലാം അതവരുടെ കഴിവുകൾ ആണെന്ന് വിചാരിച്ചു നടന്നാൽ കഴുത്തോളം വെള്ളമെത്തിയാലാകും നമ്മൾ തിരിച്ചറിയുക. മാതാപിതാക്കൾ വിവേകത്തോടെ കാര്യങ്ങൾ മനസ്സിലാക്കണമെന്നാണ് ഉദ്ദേശിച്ചത്.

അസ്സലായിട്ടുണ്ട്👌👌.. എഴുത്ത് തുടരുക ..
LikeLiked by 1 person
നന്നിയുണ്ട് മാഷെ പ്രോത്സാഹനങ്ങൾക്ക് 🙂
LikeLike