ചൂരൽ മിട്ടായി പഠിപ്പിച്ച പാഠങ്ങൾ

മൂന്നാം തരത്തിലെ കണക്കു കഷായം

പഠന കാലം കഠിന കാലം !       മുകളിലെ സ്കൂളിൽ (മറ്റം ഗേൾസ്) മമ്മി ടീച്ചർ ആണ് അതുകൊണ്ടു താഴത്തെ സ്കൂളിൽ (മറ്റംLP)പഠിക്കുന്ന എനിക്ക് അതിന്റെ പാർശ്വഫലങ്ങൾ കിട്ടികൊണ്ടിരുന്നു.

അന്ന് ഞാൻ മൂന്നാം തരത്തിൽ പഠിക്കുന്ന കാലം, ആറടി ഉയരവും അതിനൊത്ത വണ്ണവും ഉള്ള ടീച്ചറെ കണ്ടാൽ തന്നെ നമ്മളുടെ ട്രൗസർ ഏകദേശം നനഞ്ഞ പരുവം ആകും പിന്നെ ചുറ്റും ഉള്ളതൊന്നും കാണില്ല ! ഓണ പരീക്ഷ കഴിഞ്ഞിരിക്കുന്ന കാലം അന്നൊരു വെള്ളിയാഴ്ച ആയിരുന്നു അല്ലാന്നു നിങ്ങൾ തെളിയിക്കുന്നത് വരെ അതങ്ങനെ ഇരിക്കട്ടെ. ടീച്ചർ ക്ലാസ്സിൽ വന്നു ഒട്ടും പ്രധീക്ഷിരിക്കാതെ വെറുതെ ടീച്ചറുടെ കയ്യിൽ ഒരു കെട്ടു പേപ്പർ മനസ്സിൽ ലഡ്ഡു പൊട്ടി ഇന്ന് വയറിളക്കം വന്നു സ്കൂളിൽ വരാൻ പറ്റിയില്ലായിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയി ! അങ്ങനെ ഓരോരോ പേരുകൾ ആയി വിളിക്കാൻ തുടങ്ങി എൻ്റെ പേര് മാത്രം വരുന്നില്ല ഞാൻ വിചാരിച്ചു എന്റെ പേപ്പർ ഇനി ടീച്ചറുടെ വീട്ടിലെ പശു തിന്നുകാണുമോ!

ഇല്ല പശു തിന്നിട്ടില്ല ആ അവസാനത്തെ പേപ്പർ എന്റെ തന്നെ! വളരെ ഘംഭീരത്തോടെ ടീച്ചർ എൻ്റെ പേര് വിളിച്ചു. അവാർഡ് വാങ്ങാൻ ഉള്ള തെയ്യാറെടുപ്പോടെ ഞാൻ എഴുന്നേറ്റു നിന്നു! അപ്പോൾ ടീച്ചർ സ്നേഹത്തോടെ പറഞ്ഞു ഇങ്ങോട്ടു വായോ, ഞാൻ കരുതി അമ്പതിൽ അമ്പതും വാങ്ങിയതി കൊണ്ട് സമ്മാനം എന്തെങ്കിലും ഉണ്ടായിരിക്കും. പേപ്പർ കയ്യിൽ തന്നു ഞാൻ നോക്കിയപ്പോൾ ഇന്ത്യയുടെ അതിർത്തി രേഖ പോലെ അകെ മൊത്തം ചുവന്ന വരകൾ മാർക്ക് നോക്കിയപ്പോൾ മനസ്സിലായി ഇന്ന് തൃശൂർ പൂരമാണെന്നു അമ്പതിൽ മൂന്ന് മാർക്ക്, മേലെ സ്കൂളിലെ ആനിടീച്ചറുടെ മോനാ കണ്ടില്ലേ മാർക്ക്!

ടീച്ചർ എനിക്കൊരു ഓഫർ തന്നു ഇപ്പൊ ഇവിടെ വച്ച് അതെ ചോദ്യപേപ്പർ ഉത്തരം എഴുത്തുകയാണെങ്കിൽ മമ്മിയോട് പറയില്ല കൊള്ളാലൊ ഓഫർ ഒന്നും ചിന്തിച്ചില്ല എടുത്തു പെൻസിൽ എവിടെ പുതിയ ഉത്തരപ്പേപ്പർ പറയു ഒന്നാമത്തെ ചോദ്യം അതാ ബുദ്ധിമാനായ ഞാൻ ഒന്നാം ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചിരിക്കുന്നു ഞാൻ ടീച്ചറെ അഭിമാനത്തോടെ നോക്കി ഉത്തരം കണ്ടതും കിട്ടി ഒരെണ്ണം ചന്തിയിൽ***** നക്ഷത്രങ്ങൾ പറക്കുന്ന നേരത്തു ഞാൻ മനസ്സിൽ വിചാരിച്ചു ഈ ടീച്ചർക്ക് കണക്ക് അറിയാത്തതിന് എന്നെ എന്തിനാ തല്ലുന്നത് എനിക്കുറപ്പാ ഞാൻ എഴുതിയത് ശരിയാണെന്ന്.

ദയനീയമായി എന്നെ നോക്കിനിൽക്കുന്ന കുട്ടിൾക്കു മുന്നിൽ ടീച്ചർ പറഞ്ഞു കണ്ടോ ഉത്തരം ശെരിയാണ് ! ങേ ! ഈ ടീച്ചർക്ക് പ്രാന്താ അങ്ങനെ എട്ടു അടികൾ വാങ്ങി മുപ്പത്തെട്ട് മാർക്കും വാങ്ങി കിട്ടിയ അടിയുടെ കാഠിന്യത്താൽ  ഇരിക്കാൻ പറ്റിയില്ലെങ്കിലും  വീട്ടിൽ അറിയില്ലല്ലോ എന്ന സന്തോഷത്തോടെ. പക്ഷെ  കിട്ടിയ അടിമുഴുവൻ കേന്ദ്ര മന്ദ്രിസഭ മുൻപേ പാസ്സാക്കി ടീച്ചർക്ക് ഓർഡർ കൊടുത്തതാണെന്നു വീട്ടിൽ എത്തിയപ്പോഴാണ് മനസ്സിലായത്. വീട്ടുകാർക്ക് നമ്മളോടുള്ള സ്നേഹം അന്നാണ് മനസ്സിലായത്. ഇന്നാണെങ്കിൽ ടീച്ചറെ രക്ഷിതാക്കൾ തൂക്കി കൊന്നേനെ! പക്ഷെ അതിനു ശേഷം ഞാൻ കണക്കിൽ തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല അതാണ് അതിന്റെ ഒരു പവർ!.

ഏഴാം  തരത്തിലെ മലയാള കഷായം

മൂന്നിലൊന്നായി ഉപസംഹരിക്കുക. ഇന്നുള്ളവർക്കു അതറിയുമോ എന്നറിയില്ല  ഇന്ന് മൂന്നിൽഒൻപതായി പർവ്വതീകരിക്കുക എന്നതാണല്ലോ ചെയ്യുന്നത്! കാലത്തിൻറെ മാറ്റം.

കാര്യത്തിലേക്കു വരാം തലേ ദിവസം എടുത്ത പാഠഭാഗത്തിൻറെ  ഒരു പാരഗ്രാഫ് മൂന്നിലൊന്നായി സംഗ്രഹിച്ചു പിറ്റേ ദിവസം വരാൻ പറഞ്ഞു ടീച്ചർ പോയി. ഇന്നാണ് ആ പിറ്റേ ദിവസം ടീച്ചർ വന്നു സൗമ്യമായി എല്ലാവരോടും ആയി ചോദിച്ചു മൂന്നിലൊന്നായി സംഗ്രഹിക്കാത്തവർ കൈ പൊക്ക്. അനാവശ്യമായി കൈ പൊക്കുന്നതു എനിക്കിഷ്ടമില്ലാതിരുന്നതുകൊണ്ടും താഴത്തെ സ്കൂളിലെ ടീച്ചറുടെ മകൻ ആയതിനാലും മമ്മിയുടെ അഭിമാനം കാക്കാൻ ഞാൻ കൈ പൊക്കിയില്ല. പിന്നെ ടീച്ചർ ഒന്നും ചെയ്യില്ല വെറും സാധു ആണെന്ന് എനിക്കറിയാമായിരുന്നു. എന്നിരുന്നാലും ടീച്ചറുടെ കണ്ണിലെ കനൽ കണ്ടു ഒന്നാം ബെഞ്ചിലിരുന്ന ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി എന്താ ഈ കനലിന്റെ കാരണം എന്നറിയാൻ. തിരിഞ്ഞു നോക്കിയ എനിക്ക് സുനാമി വരുന്നപോലെ തോന്നി! അതെ ഞാൻ ഒഴിച്ച് ബാക്കിയെല്ലാവരും പൊക്കിയിരിക്കുന്നു കൈകൾ സാമദ്രോഹികൾ ഒന്ന് ശൂ..ശൂ..ശൂ..ശൂ.. വക്കാമായിരുന്നില്ലേ. സാധുവായ മലയാളം ടീച്ചർ അപ്പോൾ പറഞ്ഞു കണ്ടു പഠിക്ക് ഇവനെ ഈ ഒരുത്തനേ ഈ ക്ലാസ്സിൽ പഠിക്കണമെന്നുള്ള വിചാരമുള്ളൂ! ഞാൻ ചുറ്റും നോക്കി എന്നെ തന്നെയാണോ പറയുന്നത് കണ്ടു പഠിക്കാൻ പറ്റിയ ഐറ്റം. ടീച്ചർ പറഞ്ഞു മോനെ ആ എഴുതിയതൊന്നു ഉറക്കെ വായിക്കൂ കേൾക്കട്ടെ ഈ ശുംഭൻമാർ.

ആപൽ ഘട്ടങ്ങളിൽ ഉണരാനുള്ളതാണ് നമ്മുടെ ബുദ്ധിശക്തി സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് തുടങ്ങി ഞാൻ  ടെക്സ്റ്റ് ബുക്ക് താഴെ തുറന്നു വച്ച് ഒന്നും എഴുതാത്ത നോട്ടുപുസ്തകത്തിന്റെ  താളുകൾ നോക്കി ഉപസംഹരിച്ചു! എന്റെ സംഹാരത്തിൻ്റെ ഭംഗി കേട്ട് ടീച്ചർ പറഞ്ഞു  നന്നായിരിക്കുന്നു. സത്യാവസ്ഥ അറിയാത്ത പിന്നിൽ ഇരിക്കുന്നവർ എന്നെ ഒരു ഭീകരനെ പോലെ നോക്കുന്നുണ്ടായിരുന്നു സാമദ്രോഹി ഒറ്റയ്ക്ക് എഴുതി ആരോടും പറയാതെ ഞെളിഞ്ഞു നിൽക്കുവാ. അവർക്കറിയില്ലല്ലോ എൻ്റെ ബുദ്ധിയുടെ കാര്യം. അഭിമാനപുരസ്കരം നിൽക്കുമ്പോൾ ടീച്ചർ എന്നെ വിളിച്ചു ഇങ്ങു വരൂ ഞാൻ ഒരു കൂട്ടറൈറ്റ് ഇട്ടുതരാം (ഇതെന്താണെന്നു ഇപ്പോഴുള്ളവർക്ക് അറിയുമോ എന്നറിയില്ല ഇപ്പോഴത്തെ സ്റ്റാർ ഇല്ലേ അതാണ്). കാൽച്ചുവട്ടിലെ മണ്ണ് ഒഴുകി പോകുന്നതുപോലെ തോന്നി അപ്പോൾ. നിഷ്കളങ്ക പുളകിതനായി നിൽക്കുന്ന എന്നെ നോക്കി ടീച്ചർ അടുത്തുവന്നു നോട്ട് ബുക്ക് വാങ്ങി നോക്കി. പിന്നെ അവിടെ നടന്നത് കുരുക്ഷേത്രഭൂമിയിലെ സംഹാരമായിരുന്നു എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു അഞ്ചു അടിയെങ്കിലും കിട്ടിക്കാണും. എഴുതാത്തവർ ഓരോന്നായി വന്നു ഓരോ അടിവാങ്ങി പോകുമ്പോഴും എനിക്ക് കിട്ടിയ അഞ്ചു അടിയുടെ സുഖം ആലോചിച്ചിട്ടുള്ള ആ ഒരു സന്തോഷം അവരുടെ മുഖത്തു ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് കൂടുതൽ കിട്ടുമ്പോൾ മനസ്സ് തുറന്നു സന്തോഷിക്കണം എന്ന് എൻ്റെ കൂട്ടുകാർ വളരെ ചറുപ്പത്തിലേ പഠിച്ചിരുന്നു. അവരുടെ നല്ല മനസ്സിന്‌ നല്ല നമസ്കാരം അവർ അതൊക്കെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് പഴയവരുടെ പുതിയ ഓൺലൈൻ കൂട്ടായ്മയിൽ മനസ്സിലായി, സന്തോഷം.

എട്ടാം തരത്തിലെ ചൂരൽ കഷായം

എട്ടാം ക്ലസ്സിൽ ഞാൻ ക്ലാസ്  ലീഡർ ആണ് , വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരു ക്ലാസ് ലീഡർ ആണെന്ന് എല്ലാ ടീച്ചർമാരും പറയും, അങ്ങനെ പറയിപ്പിക്കാൻ ആണല്ലോ നമ്മൾ ഇത്ര കഷ്ടപ്പെടുന്നത്. പക്ഷെ ക്ലാസ്സിൽ ഉള്ള കുട്ടികൾക്ക് ആ അഭിപ്രായം ഇല്ല കാരണം എൻ്റെ കൃത്യ നിർവഹണത്തിന്റെ എന്നത്തേയും ഇരകൾ അവരാണല്ലോ. ടീച്ചർ ഇല്ലാത്ത ഒരു പിരിയഡും ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടാകില്ല അത് ഞാൻ സമ്മതിച്ചുകൊടുക്കില്ല.

അന്നൊരുദിവസം കണക്കുമാഷ് വന്നിട്ടില്ല ഉടനെ ഓഫീസിൽ ചെന്നു അന്വേഷിച്ചു വെള്ളി മാഷ് (ഞങ്ങൾ അങ്ങനെയല്ല വിളിക്കാറ്) വന്നിട്ടുണ്ടോ? ചോദ്യം ഇത്തിരി ഉറക്കെയായിരുന്നു എന്നതുകൊണ്ട് ഹെഡ്മാഷ് ചോദിച്ചു അതാരാ അപ്പോൾ പ്യൂൺ ചിരിച്ചുകൊണ്ട് പറഞ്ഞു അത് ക്ലാസ് ലീഡർ ആണ് എട്ടാംക്ലാസ്സിലെ. അപ്പൊ അപ്പുറത്തുനിന്നും അവനോടു ഇങ്ങോട്ടുവരാൻ പറ. ഹെഡ് മാഷ് (അങ്ങനെയല്ല ഞങ്ങൾ വിളിക്കാറ്) ആള് ഭയങ്കര ചൂടൻ ആണ് കേട്ടോ! മാഷ് ചോദിച്ചു എന്താ വന്നേ ഞാൻ ഭയ ഭക്സ്തിയോടെ പറഞ്ഞു വെള്ളി മാഷ് ക്ലാസ്സിൽ വന്നില്ല പകരം ആളെ വിളിക്കാൻ വന്നതാ. അപ്പൊ മാഷ് അടുത്തുവിളിച്ചു ഒന്നുകൂടി ചോദിച്ചു ഏത് മാഷ് ? ഇത്തവണ ഞാൻ ഒന്ന് പരുങ്ങി മെല്ലെ പറഞ്ഞു വെള്ളി മാഷ് ഞങ്ങടെ കണക്കുമാഷ് ! പിന്നെ വലിയ ഒരു ഒച്ചയായിരുന്നു കേട്ടത് അപ്പോൾ മനസ്സിൽ ഓർത്തു വെറുതെയല്ല പിള്ളേര് ഇങ്ങേരെ ഇരട്ടപ്പേര് വിളിക്കുന്നത് ! അടി തന്നതിന് ശേഷമാണ് എന്നോട് കാര്യം പറഞ്ഞത് കണക്കുമാഷുടെ പേര് …….. എന്നാണെന്നും വെള്ളി എന്നത് അദ്ദേഹത്തിൻറെ ഇരട്ടപ്പേര് ആണെന്നും. അന്ന് എനിക്ക് കണക്കുമാഷോട്‌ എന്തെന്നില്ലാത്ത ബഹുമാനം തോന്നി കാരണം ക്ലാസ്സിൽ ആദ്യദിവസം വന്നപ്പോൾ എൻ്റെ പേര് വെള്ളി എന്നാണ് ഇദ്ദേഹം പറഞ്ഞത് അതാണല്ലോ ക്ലാസ്സിൽ ഒരു തെണ്ടിക്കും ഇദ്ദേഹത്തിന് ശരിക്കും വേറെ ഒരു പേരുണ്ടെന്ന് അറിയാതെ പോയത് പക്ഷെ ഞങൾ പിന്നീടും വെള്ളി മാഷ് എന്നുതന്നെയാണ് വിളിച്ചിരുന്നത് ആ വിളികേൾക്കുന്നതു മാഷിനും ഇഷ്ടമായിരുന്നു എന്നാണ് ഞങൾ മനസ്സിലാക്കിയത്.

ഇങ്ങനൊയൊക്കെ അടികിട്ടിയാലും ടീച്ചർമാരെ കണ്ടാൽ ഇന്നും അന്നും ഞാൻ ചിരിച്ചുകൊണ്ട് ഓടിച്ചെല്ലും. ചിലർ ഇപ്പോഴും പറയും എത്ര വേദനിച്ചാലും അവൻ ചിരിച്ചുകൊണ്ട് വീണ്ടും വരും. അവരോട് ഞാൻ മനസ്സിൽ പറയും വേദനകൾ കടിച്ചമർത്തികൊണ്ട് പുഞ്ചിരിക്കുമ്പോൾ അതിനു ഒരു ഭംഗി കൂടുതൽ ഉണ്ടാകും.

ഉപസംഹരണം :  അടി അത് ആണുങ്ങൾക്കുള്ളതാണ് മിഷ്ടർ. നമുക്കതിൽ ഒരു നാണവും ഇല്ലാ ചെറുപ്പത്തിൽ നന്നായി വാങ്ങിയാൽ വലുതായാൽ നാട്ടുകാരിൽ നിന്നും കിട്ടില്ല. വലുതായിട്ടും അടി കിട്ടുന്നുണ്ടെങ്കിൽ അത് മനസ്സിലെ കുട്ടിത്തം മാറാത്തത് കൊണ്ടാണ് .

Published by MyMemories

Hi everyone! Thanks for stopping by here! My writings are about my own life what it teaches me. I write not about my traveling, but these are about the experience while I traveled through my life. I hope you enjoy reading, enjoy your life, and stay safe.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: